ന്യൂഡൽഹി: തുടർച്ചയായ ബോംബ് ഭീഷണി ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മെട്രോ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള ഡൽഹിയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി.
ഇന്ന് രാവിലെയാണ് ഡൽഹി സെക്രട്ടേറിയറ്റ്, ഡൽഹി അസംബ്ലി, ചെങ്കോട്ട, രണ്ട് സ്കൂളുകൾ എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. അന്വേഷണത്തിൽ ഇത് വ്യാജമായിരുന്നുവെന്ന് കണ്ടെത്തി.
ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലാ പ്രധാന സ്ഥലങ്ങളിലും പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു. "ഡൽഹി ബനേഗ ഖാലിസ്ഥാൻ' എന്ന് എഴുതിയ ഇമെയിലുകളും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഡൽഹി ആർമി സ്കൂൾ, ചെങ്കോട്ട, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
ചെങ്കോട്ടയിൽ രാവിലെ 9.11ന്, ആർമി സ്കൂളിൽ ഉച്ചയ്ക്ക് 1.11 ന്, വിധാൻ സഭയിൽ ഉച്ചയ്ക്ക് 3.11 ന് എന്നിങ്ങനെ സ്ഫോടനങ്ങൾ നടക്കുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഡൽഹിയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഡൽഹി പോലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി.
"നഗരത്തിലുടനീളം അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ മെട്രോ സ്റ്റേഷനുകളിലും സുപ്രധാന സ്ഥാപനങ്ങളിലും അധിക സേനയെ വിന്യസിച്ചിട്ടുണ്ട്. അട്ടിമറി വിരുദ്ധ പരിശോധനകളും റാൻഡം പരിശോധനകളും നടക്കുന്നുണ്ട്'.-ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ചെങ്കോട്ട, ഡൽഹി സെക്രട്ടേറിയറ്റ്, നിയമസഭാ സമുച്ചയം എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷാ തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ഡൽഹി മെട്രോയിലെയും മറ്റ് ഏജൻസികളിലെയും ഉദ്യോഗസ്ഥരുമായി ഏകോപന യോഗങ്ങൾ നടത്തിയതായി മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.